DohaMalayalees

Best Malayalam News Portal

Advertisement

ആശുപത്രിയിലേക്ക് പോകുംവഴി ഡാഡി പ്രതികരിച്ചു, ഒറ്റ നിമിഷംകൊണ്ട് ഞങ്ങളുടെ പ്രതീക്ഷയെല്ലാം പോയി’

വാഹനാപകടത്തിൽ ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് തന്നെ ഷൈൻ ടോം ചാക്കോയുടെ പിതാവ് മരിച്ചിരുന്നുവെന്ന് ഡ്രൈവ‌ർ പാച്ചു. ലോറി ട്രാക്ക് മാറിയതുകൊണ്ടാണ് പെട്ടെന്ന് നിയന്ത്രണം നഷ്‌ടപ്പെട്ടത്. അപ്പോൾ അതുവഴി പോയ ഒരു മലയാളിയുടെ കാറിലാണ് അച്ഛനെ ആശുപത്രിയിൽ എത്തിച്ചതെന്നും ഡ്രൈവർ ഒരു മാദ്ധ്യമത്തോട് പറഞ്ഞു.
‘ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പേ തന്നെ ഡാഡി ഞങ്ങളെ വിട്ടുപോയി. ഡ്രൈവർ സീറ്റിന് പുറകിലായിരുന്നു ഡാഡി. ഷൈൻ ചേട്ടൻ ഏറ്റവും പുറകിലാണ് ഇരുന്നത്. ആശുപത്രിയിലേക്ക് പോകുന്നതിനിടെ ഡാഡിയെ വിളിക്കുമ്പോൾ ചെറിയ പ്രതികരണങ്ങളുണ്ടായിരുന്നു. ആശുപത്രിയിൽ എത്താറായപ്പോൾ പിന്നെ മിണ്ടാതായി. അതോടെ ഞങ്ങളുടെ പ്രതീക്ഷയെല്ലാം പോയി ‘ – ഡ്രൈവർ പറഞ്ഞു.ഇന്നലെ രാത്രി പത്ത് മണിയോടെയാണ് എറണാകുളത്ത് നിന്നും ബംഗളൂരുവിലേക്ക് ഇവർ യാത്ര തിരിച്ചത്. പുലർച്ചെ ആറ് മണിയോടെ സേലത്ത് വച്ചാണ് അപകടമുണ്ടായത്. ഷൈനിന്റെ വലതുകൈക്ക് പരിക്കേറ്റിട്ടുണ്ട്. അമ്മയ്‌ക്കും സഹോദരനും ഷൈനിന്റെ സഹായിക്കും ചെറിയ പരിക്കുകളുണ്ട്. ഇവരെ ധർമപുരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷൈനിന്റെ കൈക്കുള്ള ശസ്‌ത്രക്രിയ നടക്കുന്നുവെന്നാണ് വിവരം.

ഷൈനിന്റെ തുടർ ചികിത്സയ്ക്കായുള്ള യാത്രയ്ക്കിടെയാണ് അപകടമുണ്ടായത്. നേരത്തേ തൊടുപുഴയിലെ ലഹരിവിമുക്ത കേന്ദ്രത്തിലെ ചികിത്സയ്ക്കുശേഷം ഷൈൻ ചില ഷൂട്ടിംഗുകളിൽ പങ്കെടുത്തിരുന്നു. ഇതിനുശേഷമാണ് ബംഗളൂരുവിലേക്ക് ചികിത്സയ്ക്ക് പോയത്.ധർമപുരി സർക്കാർ മെഡിക്കൽ കോളേജിലാണ് ഷൈൻ ചികിത്സയിൽ കഴിയുന്നത്. പിതാവ് ചാക്കോയുടെ മൃതദേഹവും ഇതേ ആശുപത്രിയിലാണ് സൂക്ഷിച്ചിട്ടുള്ളത്.പോസ്റ്റുമോർട്ടം കഴിഞ്ഞ് വൈകുന്നേരത്തോടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്നാണ് വിവരം. മൃതദേഹത്തിനൊപ്പം ഷൈനും മറ്റുള്ളവരും നാട്ടിലേക്ക് തിരിക്കുമെന്നും കൊച്ചിയിലായിരിക്കും തുടർ ചികിത്സ എന്നുമാണ് റിപ്പോർട്ടുകൾ.

Leave a Reply

Your email address will not be published. Required fields are marked *