ന്യൂഡൽഹി: 2027-29 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ചെറിയ രാജ്യങ്ങൾക്ക് നാലുദിവസ ടെസ്റ്റിന് അനുമതി നൽകാൻ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി). എന്നാൽ ഇന്ത്യ, ഓസ്ട്രേലിയ, ഇംഗ്ലണ്ട് ടീമുകൾ അഞ്ചുദിവസ ടെസ്റ്റ് കളിക്കുന്നത് തുടരുമെന്നാണ് റിപ്പോർട്ടുകൾ. പരമ്പരാഗത രീതിയായ അഞ്ചുദിവസ ടെസ്റ്റിൽനിന്ന് ഒരുദിവസം കുറച്ചുകൊണ്ടുള്ള ഈ സുപ്രധാന മാറ്റം ചെറിയ ടീമുകൾക്ക് ഉപകാരപ്പെടുമെന്നാണ് വിലയിരുത്തൽ. കുറഞ്ഞ ദിവസംകൊണ്ട് കൂടുതൽ ടെസ്റ്റുകളും ദീർഘമായ പരമ്പരകളും കളിക്കാൻ ഇതുവഴി ഉപകാരപ്പെടും.
നിലവിലെ അവസ്ഥയിൽ ഒരുദിവസം 90 ഓവറുകളാണ് എറിയുന്നത്. എന്നാൽ നാലുദിവസമാക്കി ചുരുക്കുന്നതോടെ പ്രതിദിനം 98 ഓവർ എന്ന കണക്കിലേക്ക് കളിസമയം നീട്ടുമെന്നാണ് റിപ്പോർട്ടുകൾ. ആ വിധത്തിലായിരിക്കും ഐസിസിയുടെ പരിഷ്കരണമെന്നാണ് സൂചന. പര്യടനം നടത്തുന്ന രാജ്യങ്ങളുടെ നീണ്ട യാത്രാ പദ്ധതി, ഭാരിച്ച ചെലവ് എന്നിവയെല്ലാം കണക്കിലെടുത്താണ് പുതിയ മാറ്റം ആലോചിക്കുന്നത്.
കഴിഞ്ഞദിവസം ലോർഡ്സിൽ നടന്ന ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനിടെ നടന്ന ചർച്ചയിൽ ജയ്ഷാ ഇക്കാര്യത്തിൽ അനുഭാവപൂർവമായ സമീപനം സ്വീകരിച്ചെന്നാണ് റിപ്പോർട്ടുകൾ. ഇത് 2027-29 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് മത്സരങ്ങളിൽ പ്രയോഗവത്കരിക്കുമെന്നും റിപ്പോർട്ടുണ്ട്. 2025-27 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ നിലവിലെ അവസ്ഥതന്നെ തുടരും. അതേസമയം ആഷസ്, ബോർഡർ – ഗാവസ്കർ ട്രോഫി, ആൻഡേഴ്സൺ – ടെണ്ടുൽക്കർ ട്രോഫി (ഈ പേരിൽ തുടങ്ങുന്ന ആദ്യ പരമ്പര. ആദ്യമത്സരം വെള്ളിയാഴ്ച തുടങ്ങും) തുടങ്ങിയ പരമ്പരകളിലെല്ലാം അഞ്ചുദിവസം എന്ന പരമ്പരാഗത രീതിതന്നെ തുടരും.
2017-ലാണ് ഐസിസി ആദ്യമായി നാലുദിവസത്തെ ടെസ്റ്റ് മത്സരങ്ങൾക്ക് അനുമതി നൽകിയത്. 2019-ലും 2023-ലും അയർലൻഡിന്റെതിരേ ഇംഗ്ലണ്ട് നാലുദിവസത്തെ ടെസ്റ്റ് കളിച്ചിരുന്നു. കഴിഞ്ഞമാസം ട്രെന്റ് ബ്രിജിൽ സിംബാബ്വെയ്ക്കെതിരേയും നാലുദിവസത്തെ ടെസ്റ്റ് കളിച്ചു. ഭാരിച്ച ചെലവ് ഉൾപ്പെടെയുള്ള കാരണങ്ങളാലാണ് ചെറിയ രാജ്യങ്ങൾ ടെസ്റ്റുകൾ നടത്താൻ മടിക്കുന്നത്. നാലുദിവസമാകുന്നതോടെ മൂന്നാഴ്ചയ്ക്കുള്ളിൽ മൂന്നു ടെസ്റ്റുകളടങ്ങിയ പരമ്പര നടത്താനാകും.
Leave a Reply