കോഴിക്കോട്:
മുഖ്യമന്ത്രി സഞ്ചരിച്ച വാഹനവ്യൂഹത്തിന് ഇടയിൽ കയറിയ കാറിലുണ്ടായിരുന്ന അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം. മുഖ്യമന്ത്രി കോഴിക്കോട് ഗസ്റ്റ് ഹൗസിലേക്ക് പോകുന്ന വഴിയിലാണ് സംഘം വാഹനവ്യൂഹത്തിലേക്ക് കയറിയത്. സംഭവം എലത്തൂരിൽ വെച്ചാണ് നടന്നത്.
പോലീസ് മൂന്ന് തവണ മുന്നറിയിപ്പ് നൽകിയെങ്കിലും സംഘം അവഗണിച്ചുവെന്ന് റിപ്പോർട്ടുണ്ട്. തുടർന്ന് വെസ്റ്റ്ഹില്ല് ചുങ്കത്ത് വാഹനം തടഞ്ഞ് കസ്റ്റഡിയിൽ എടുത്തു.
ചോദ്യം ചെയ്തപ്പോൾ ഇവർ ഇലക്ട്രിക്കൽ തൊഴിലാളികളാണെന്ന് വ്യക്തമായി. സംഘം കണ്ണൂരിൽ നിന്ന് പാലക്കാട്ടേക്ക് പോകുകയായിരുന്നു. ഇവരിൽ ചിലർ കണ്ണൂർ, മലപ്പുറം, പാലക്കാട് ജില്ലകളിൽ നിന്നുള്ളവരാണ്. ഇവർക്കെതിരേ ക്രിമിനൽ പശ്ചാത്തലമില്ലെന്ന് അന്വേഷണത്തിൽ സ്ഥിരീകരിച്ചു.
കരുതൽ തടങ്കലിൽ വെച്ചശേഷം സ്റ്റേഷൻ ജാമ്യത്തിൽ ഇവരെ വിട്ടയച്ചു.
Leave a Reply