ന്യൂഡൽഹി: ദേശീയ പാതകളിൽ ടോൾ ബൂത്തുകളിലൂടെ തടസ്സമില്ലാത്ത യാത്രയ്ക്ക് പുതിയ സംവിധാനം. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ഫാസ്ടാഗ് അടിസ്ഥാനമാക്കിയുള്ള വാർഷിക ടോൾ പാസ് അവതരിപ്പിച്ചു. ഒറ്റപാസിന് 3,000 രൂപയുടെ വാർഷിക ഫീസിൽ 200 ടോൾ യാത്രകൾക്ക് സാധ്യതയുണ്ട്. ഓഗസ്റ്റ് 15 മുതൽ പദ്ധതി നടപ്പിലാകും എന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി “എക്സ്” (പഴയ Twitter) വഴി അറിയിച്ചു.
ഈ പാസ് ഉപയോഗിച്ച് ഒരൊറ്റ ടോൾ യാത്രയ്ക്ക് ശരാശരി ചെലവ് വെറും 15 രൂപയിലായിരിക്കും. ഇതാണ് ഈ പദ്ധതി ഏറെയധികം ആകർഷകമാകാൻ കാരണം.
ആരെക്കായാണ്?
വാണിജ്യേതര ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന കാറുകൾ, ജീപ്പുകൾ, വാനുകൾ തുടങ്ങിയ സ്വകാര്യ നാലുചക്ര വാഹനങ്ങൾക്കായാണ് പദ്ധതി ലക്ഷ്യമിടുന്നത്. പാസ് എടുക്കുന്ന തീയതി മുതൽ ഒരു വർഷത്തേക്കോ അല്ലെങ്കിൽ പരമാവധി 200 യാത്രകൾക്കോ ഇത് ബാധകമായിരിക്കും.
പ്രധാന ലക്ഷ്യങ്ങൾ
വെറും 60 കിലോമീറ്റർ ദൂരത്തിൽ ടോൾ പ്ലാസങ്ങളുള്ളവർക്കായി യാത്രാ തടസ്സങ്ങളും പരാതികളും കുറക്കുക എന്നതാണ് പ്രധാന ഉദ്ദേശ്യം. കൂടാതെ ദേശീയ പാതകളിൽ ട്രാഫിക് കുഴപ്പങ്ങളും പ്ലാസകളിൽ കാത്തിരിപ്പുകളും കുറക്കാനും പദ്ധതി സഹായകരമാകും.
എങ്ങനെയാണ് ആക്ടിവേറ്റ് ചെയ്യുന്നത്?
വാർഷിക ടോൾ പാസ് രാജ് മാർഗ് യാത്ര മൊബൈൽ ആപ്പിലൂടെയോ നാഷണൽ ഹൈവേ അതോറിറ്റിയുടെയും (NHAI), റോഡ് ഗതാഗത ഹൈവേ മന്ത്രാലയത്തിന്റെയും (MoRTH) ഔദ്യോഗിക വെബ്സൈറ്റുകളിലൂടെയോ എളുപ്പത്തിൽ ആക്ടിവേറ്റ് ചെയ്യാം. ഉപയോക്താക്കൾക്ക് ഫാസ്ടാഗ് വിവരങ്ങൾ, വാഹന രജിസ്ട്രേഷൻ നമ്പർ തുടങ്ങിയ അടിസ്ഥാന വിവരങ്ങൾ നൽകേണ്ടിവരും.
വാർഷിക പാസ് വിശദാംശങ്ങൾ
- 200 യാത്രകൾ വരെയോ അല്ലെങ്കിൽ ഒരു കലണ്ടർ വർഷത്തേക്കോ (ഇവയിൽ ഏതാണോ ആദ്യം വരുന്നത്) 3000 രൂപയുടെ നിശ്ചിത ഫീസ്
- വാണിജ്യേതര സ്വകാര്യ വാഹനങ്ങൾക്ക് മാത്രമായി രൂപകൽപ്പന ചെയ്തതാണ് പുതിയ പാസ്
- ഇന്ത്യയിലുടനീളമുള്ള ദേശീയ പാതകളിൽ ബാധകം
- സ്വകാര്യ നാല് ചക്ര വാഹനങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു (കാറുകൾ, ജീപ്പുകൾ, വാനുകൾ)
- അംഗീകൃത സർക്കാർ പ്ലാറ്റ്ഫോമുകൾ വഴി പാസ് ആക്റ്റിവേറ്റ് ചെയ്യാനും പുതുക്കാനും സാധിക്കും
പ്രയോജനങ്ങൾ:
- ഓരോ ടോൾ യാത്രയ്ക്കും കുറഞ്ഞ ചെലവ്
- യാത്രാ തടസ്സങ്ങൾ ഒഴിവാക്കുന്നു
- ടോൾ ബൂത്തിൽ കാത്തിരിപ്പുകൾ കുറയും
- ഡിജിറ്റൽ രീതിയിൽ പാസ് എടുക്കാനും പുതുക്കാനും സൗകര്യം
ഇതുവരെ ലഭ്യമായ വിവരങ്ങളിൽ പദ്ധതിയെക്കുറിച്ച് ചില സംശയങ്ങൾ നിലനിൽക്കുന്നു. ഒരു യാത്ര എന്നത് ഇരുവശത്തേക്കുമുള്ള യാത്രയാണോ എന്നതിലും, ഒരേ പാതയിലുണ്ടായേക്കാവുന്ന ഒന്നിലധികം ടോൾ പ്ലാസുകളിലൂടെയുള്ള യാത്ര ഒരു യാത്രയായി പരിഗണിക്കുമോ എന്നതിലും വ്യക്തത ഇല്ല. അതുപോലെ, പാസ് ഒരു നിർദ്ദിഷ്ട ടോൾ ബൂത്തിന് മാത്രമാണോ ബാധകമാകുന്നത് എന്ന കാര്യത്തിലും അവ്യക്തത തുടരുകയാണ്.
എങ്കിലും, ദേശീയ പാതകളിലൂടെ സ്ഥിരമായി യാത്ര ചെയ്യുന്ന സ്വകാര്യ വാഹന ഉടമകൾക്ക് ഈ പദ്ധതി വലിയ ലാഭവും സമയം ലാഭവുമുള്ളതായി മാറുമെന്ന് വിലയിരുത്തപ്പെടുന്നു. യാത്രാ തടസ്സങ്ങളും കാത്തിരിപ്പുകളും ഒഴിവാക്കാൻ സഹായിക്കുന്നതിനൊപ്പം, കുറഞ്ഞ ചെലവിൽ സ്ഥിരതയുള്ള യാത്രയ്ക്കും ഇത് വഴി തെളിയുന്നു.
Leave a Reply