ന്യൂഡൽഹി: ട്രെയിൻ യാത്രക്കാർക്ക് ഇനി മുതൽ കൂടുതൽ ചെലവാകും. ജൂലൈ 1 മുതലാണ് നിരക്കുവർധന പ്രാബല്യത്തിൽ വരുന്നത്. വന്ദേ ഭാരത് ഉൾപ്പെടെ എല്ലാ ട്രെയിനുകൾക്കും പുതിയ നിരക്ക് ബാധകമാകുമെന്ന് റെയിൽവേ ബോർഡ് അറിയിച്ചു. പുതിയ നിരക്കനുസരിച്ച്, എസി കോച്ചുകളിൽ ഓരോ കിലോമീറ്ററിനും രണ്ട് പൈസയും സെക്കന്റ് ക്ലാസ് ടിക്കറ്റുകൾക്ക് ഓരോ കിലോമീറ്ററിനും ഒരു പൈസയും കൂടും.
സ്ലീപ്പർ ക്ലാസ് ടിക്കറ്റുകൾക്കും ഓർഡിനറി ടിക്കറ്റുകൾക്കും കിലോമീറ്ററിന് അരപൈസ വീതമാണ് വർധിക്കുക. നോൺ എസി മെയിൽ, എക്സ്പ്രസ്സ് ക്ലാസ്സുകളിലെ യാത്രക്കാർക്ക് ഓരോ കിലോമീറ്ററിനും ഒരു പൈസയാണ് വർധന. ഓർഡിനറി നോൺ എസി ടിക്കറ്റുകൾക്ക് ആദ്യ 500 കിലോമീറ്റർ വരെ നിരക്ക് കൂട്ടലില്ല.
1500 മുതൽ 2500 കിലോമീറ്റർ വരെ ദൂരമുളള യാത്രയ്ക്ക് 10 രൂപയും 2501 മുതൽ 3000 കിലോമീറ്റർ വരെയുള്ള ടിക്കറ്റുകൾക്ക് 15 രൂപയും അധികമായി അടക്കേണ്ടി വരും.
എസി ക്ലാസ് 3 ടയർ, 2 ടയർ, ചെയർകാർ, ഫസ്റ്റ് ക്ലാസ് എന്നിവയ്ക്കാണ് രണ്ടു പൈസയുള്ള വർധന. പുതിയ നിരക്കുകൾ സംബന്ധിച്ച വിശദമായ പട്ടിക റെയിൽവേ ബോർഡ് പുറത്തിറക്കിയതായും എല്ലാ ചീഫ് കൊമേഴ്ഷ്യൽ മാനേജർമാർക്കും ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ നൽകിയതായും അറിയിപ്പ് വ്യക്തമാക്കുന്നു.
അതേസമയം, സബർബൻ ടിക്കറ്റുകൾക്കും സീസൺ ടിക്കറ്റുകൾക്കും ഇപ്പോൾ വർധനയില്ല. ഇതിനകം ബുക്ക് ചെയ്ത ടിക്കറ്റുകൾക്ക് പുതിയ നിരക്ക് ബാധകമാകില്ലെന്നും റെയിൽവേ ബോർഡ് അറിയിച്ചു.
Leave a Reply